English| മലയാളം

ആമുഖം

പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കിലാണ് തിരുവല്ല നഗരസഭ സ്ഥിതി ചെയ്യുന്നത്. തിരുവല്ല, കാവുംഭാഗം, കുറ്റപ്പുഴ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന തിരുവല്ല നഗരസഭയ്ക്ക് 27.94 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് പെരിങ്ങര, കവിയൂര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കവിയൂര്‍, കുറ്റൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് കുറ്റൂര്‍ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പെരിങ്ങര പഞ്ചായത്തുമാണ് തിരുവല്ല നഗരസഭയുടെ അതിരുകള്‍. തിരുവല്ല മുനിസിപ്പല്‍ പ്രദേശത്തിന്റെ ഭൂപ്രകൃതിയില്‍ ഏറിയ ഭാഗവും സമതലമാണ്. ചെറിയ ഒരു ഭാഗം കുന്നുകളും ബാക്കി വയലുകളുമാണ്. മണല്‍ കലര്‍ന്ന കളിമണ്ണും, ചരല്‍ നിറഞ്ഞ ചെമ്മണ്ണും, കളിമണ്ണും, വെട്ടുകല്ലുമാണ് ഈ പ്രദേശത്തെ പ്രധാന മണ്‍തരങ്ങള്‍. പുരാതനകാലത്ത് ശ്രീവല്ലഭപുരം എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം കാലാന്തരത്തില്‍ “തിരുവല്ലഭപുരം” ആകുകയും ക്രമേണ “തിരുവല്ല” എന്ന് ലോപിക്കുകയും ചെയ്തുവെന്ന് കരുതപ്പെടുന്നു. മധ്യകേരളത്തില്‍ ഇന്ന് അതിദ്രുതം വളര്‍ന്നുകൊണ്ടിരിക്കുന്ന പട്ടണമാണ് തിരുവല്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശമലയാളികളുള്ള പ്രദേശമാണ് തിരുവല്ലയും പരിസരപ്രദേശങ്ങളും. ക്രിസ്തീയസഭകളുടെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള തിരുവല്ലയില്‍ തന്നെയാണ് മാര്‍‌ത്തോമ്മാ സഭയുടെ ആസ്ഥാനവും. 1910-ല്‍ രൂപംകൊണ്ട ടൌണ്‍ ഇംപ്രൂവ്‌മെന്റ് കമ്മിറ്റിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനമെന്ന നിലയില്‍ തിരുവല്ല പട്ടണ സമിതിയുടെ ആദ്യരൂപം. 1920-ല്‍ തന്നെ തിരുവല്ല നഗരസഭ രൂപീകൃതമായി. ആദ്യ നഗരസഭാധ്യക്ഷന്‍ എ ആര്‍ സുബ്രഹ്മണ്യയ്യര്‍ ആയിരുന്നു.

 

പൊതുവിവരങ്ങള്‍

 

ജില്ല                                     : പത്തനംതിട്ട 
വിസ്തീര്‍ണ്ണം                          : 27.94 ച.കി.മി
കോഡ്                                 : M030200 
വാര്‍ഡുകളുടെ എണ്ണം              : 39  
ജനസംഖ്യ                                  : 52883
പുരുഷന്മാര്‍                        ‍       : 24817
സ്ത്രീകള്‍                             ‍          : 28066

വീടുകളുടെ എണ്ണം                   : 13952

എസ് സി ജനസംഖ്യ                  : 4490

എസ് ടി ജനസംഖ്യ                    :238
ജനസാന്ദ്രത                                 : 1892/km2
സ്ത്രീ : പുരുഷ അനുപാതം         : 1000:1131
മൊത്തം സാക്ഷരത                 : 97.64
സാക്ഷരത (പുരുഷന്മാര്‍ )        : 98.37
സാക്ഷരത (സ്ത്രീകള്‍ )                : 95.88

ബി പിഎല്‍                                 : 4596
Source : Census data 2001