സാമൂഹ്യ-സാംസ്കാരിക ചരിത്രം
പുരാതനകാലത്ത് ശ്രീവല്ലഭപുരം എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം കാലാന്തരത്തില്‍ “തിരുവല്ലഭപുരം” ആകുകയും ക്രമേണ “തിരുവല്ല” എന്ന് ലോപിക്കുകയും ചെയ്തുവെന്ന് കരുതപ്പെടുന്നു. തിരുവിതാംകൂര്‍ രാജഭരണത്തിന് കീഴിലെ കൊല്ലം ഡിവിഷന്റെ ഭാഗമായിരുന്നു തിരുവല്ല. ഇവിടെയുള്ള പുരാതനമായ പാലിയക്കര കൊട്ടാരത്തിന് തിരുവിതാംകൂര്‍ രാജകുടുംബവുമായി ബന്ധമുണ്ടായിരുന്നു. 1960-കള്‍ വരെ ഇവിടെ ജന്മി-കുടിയാന് വ്യവസ്ഥിതി നിലനിന്നിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധിയ്ക്ക് തിരുവല്ലയിലെ പൌരാവലി മുത്തുര്‍ ആല്‍ത്തറയില്‍ വച്ച് സ്വീകരണം നല്‍കിയിട്ടുണ്ട്. ഭൂദാന പ്രസ്ഥാനത്തിന്റെ നായകനായ വിനോബാഭാവയ്ക്കും തിരുവല്ല സ്വീകരണം നല്‍കിയിട്ടുണ്ട്. പ്രജാസഭയുടെ കാലം മുതല്‍ക്കെ ജനപ്രതിനിധിയായിരിക്കുകയും, താമ്രപത്രം ലഭിക്കുകയും ചെയ്ത കെ.എം.മാത്യു, തിരു-കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അധ:കൃത വിഭാഗത്തില്‍പ്പെട്ട പി.ചാക്കോ, കെ.ഇ.മാമ്മന്‍, വി.പി.പി.നമ്പൂതിരി എന്നിവര്‍ ഈ പ്രദേശത്തെ പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളായിരുന്നു. യൂറോപ്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനം, ശ്രീനാരായണഗൂരു, അയ്യന്‍കാളി എന്നിവരുടെ പ്രസ്ഥാനങ്ങള്‍, യോഗക്ഷേമസഭ, നായര്‍ സര്‍വ്വീസ് സൊസൈറ്റി എന്നീ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ പ്രദേശത്തെ സാമൂഹിക, സാംസ്കാരിക വളര്‍ച്ചയ്ക്കു വഴി തെളിച്ചു. തിരുവിതാംകൂറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് തിരുവല്ല സി.എം.എസ് സ്കൂളിലാണ്. ഈ പ്രദേശത്ത് ഉല്പാദിപ്പിച്ചിരുന്ന കാര്‍ഷികവിഭവങ്ങള്‍ ചന്തക്കടവില്‍ നിന്നും ജലമാര്‍ഗം വഞ്ചികളില്‍ ആലപ്പുഴ, കൊച്ചി എന്നീ വ്യാപാരകേന്ദ്രങ്ങളിലേക്ക് എത്തിച്ചിരുന്നു. ശ്രീവല്ലഭ ക്ഷേത്രം, പാലിയേക്കര പള്ളി, തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ എന്നിവ ഇവിടുത്തെ പ്രധാന ആരാധനാലയങ്ങളാണ്. മാര്‍ത്തോമ സഭയുടെ ആസ്ഥാനം തിരുവല്ലയാണ്. സംസ്ഥാനത്തെ പ്രധാന ഗതാഗതപാതയായ എം.സി.റോഡും, തിരുവനന്തപുരം-എറണാകുളം റെയില്‍വേ ലൈനും ഈ നഗരസഭയിലൂടെ കടന്നുപോകുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷന് തിരുവല്ലയാണ്.